ഞായറാഴ്‌ച, ജൂൺ 10, 2012

മഴ കാലത്തിന്‍റെ ഓര്‍മ്മയില്‍

പ്രവാസ ജീവിതത്തിലെ  ചുട്ടു പൊള്ളുന്ന ചൂടിലാണ് ഫേസ് ബുക്കില്‍ എവിടെയോ ഞങ്ങളുടെ പള്ളി കുളത്തിന്‍റെ ഫോട്ടോ കാണാന്‍ ഇടയായത് . ആ ഫോട്ടോ ഒരു മഴ കാല ഓര്‍മ്മയിലേക്ക് എന്നെ മെല്ലെ കൊണ്ട് പോയി .. നാലിലോ അഞ്ചിലോ പഠിക്കുന്ന കാലം വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേക്കുള്ള വഴിയില്‍ സ്ഫടിക മണികളായി തിമിര്‍ത്തു പെയ്യുന്ന മഴ തുള്ളികള്‍ എന്‍റെ തലയിലേക്ക് വന്നു പതിക്കാന്‍ വേണ്ടി ഉമ്മ വാങ്ങി തന്ന പുത്തന്‍ കുട മെല്ലെ ഒന്ന് തലയുടെ  മുകളില്‍ നിന്നും മാറ്റി പിടിക്കും .. മഴയോടൊപ്പം ആടി പാടി വഴിയില്‍ ഒഴുക്കുന്ന ചെറു തൊടുകളിലെ കലക്ക വെള്ളത്തില്‍ കല്ലുകള്‍ പെറുക്കി എറിഞ്ഞു കൊണ്ട് വീട്ടില്‍ എത്തും, എന്നെയും കാത്തു തോര്‍ത്തുമായി ഉമ്മ വീടിനു മുന്‍വശം തന്നെ നില്‍ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു ...  എന്‍റെ തല തോത്തി അസര്‍ നിസ്ക്കരിചു വാ ചായ കുടിക്കാം എന്നും പറഞ്ഞു ഉമ്മ അടുക്കളയിലേക്കും ഞാന്‍ നമസ്കരിക്കാനും പോകും .. ചായ കുടിച്ചു ഉമ്മ എന്‍റെ തല തോര്‍ത്തി വീടിന്‍റെ ഷെഡ്ഡില്‍ ആറാന്‍ ഇട്ട തോര്‍ത്ത്‌ ഉമ്മ അറിയാതെ അരയില്‍ കെട്ടി വെച്ചു ക്രിക്കറ്റ്‌ കളിക്കാന്‍ എന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും .. എന്നെയും കാത്തു മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരം ചങ്ങാതിമാര്‍ വീടിനടുത്ത് കാത്തിരിക്കുനുണ്ടാവും നേരെ പള്ളി കുളത്തിലേക്ക് വലിയ കുളം നിറച്ചും ആളുകള്‍ .. ഞങ്ങളും  ഇറങ്ങും "നീന്താന്‍ " വേണ്ടി , ആദ്യമാദ്യം കുളത്തിന്‍റെ പടിയില്‍ പിടിച്ചു വെറുതെ കാലിട്ടടിക്കും മഗ്രിബ് ബാങ്ക് കൊടുക്കാന്‍ ആവുന്നതിനു അല്‍പ്പം മുന്‍പ്‌ നീരാട്ട് കഴിഞ്ഞു അവിടെ  നിന്നും കയറും തല നല്ല വണ്ണം തോര്‍ത്തും കാരണം ഉമ്മ അറിഞ്ഞാല്‍ പിന്നെ എന്‍റെ നീന്തല്‍ നില്‍ക്കും .. ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞു .. നീന്തമോക്കെ നല്ല വണ്ണം പഠിച്ചു മാസങ്ങളും കഴിയും മഴ കാലം നില്‍ക്കും കുളത്തില്‍ വെള്ളവും കുറയും അതോടെ വീണ്ടുമൊരു മഴ കാലത്തിനുള്ള കാത്തിരിപ്പു തുടരും... ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മകള്‍ മാത്രം ഇന്ന്  കാത്തിരിപ്പിന് മാറ്റമൊന്നുമില്ല  അന്ന് മഴ കാലത്തിനു വേണ്ടിയാണെങ്കില്‍  ഇന്നത്‌ നാട്ടിലേക്കുള്ള അവധിക്കു വേണ്ടിയാണ് എന്ന് മാത്രം .