മാധ്യമങ്ങളില്‍ നിന്നും


ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ദുസ്വാധീനങ്ങളില്‍നിന്ന് മുക്തമാവണം: എം ഐ ഷാനവാസ്


ഷഫീഖ് പെരിങ്ങത്തൂര്‍

മിന: കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യവസ്ഥാപിതമായും സ്വാധീനങ്ങളില്‍നിന്നു മുക്തമായും പ്രവര്‍ത്തിക്കേണ്ടതുണ്െടന്നു ഹജ്ജ് സൌഹൃദസംഘത്തിലെത്തിയ എം ഐ ഷാനവാസ് എം.പി. പല കാര്യങ്ങളിലും വ്യക്തമായ കെടുകാര്യസ്ഥത കണ്ടുവരുന്നതായി മിനാ ഹജ്ജ് ക്യാംപില്‍ ഗള്‍ഫ് തേജസ് പ്രതിനിധിയുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മക്കയില്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കു താമസിക്കാനുള്ള കെട്ടിടങ്ങള്‍ കണ്െടത്തി കരാര്‍ ഉറപ്പിക്കുന്ന കാര്യത്തില്‍ അനാരോഗ്യകരമായ ഇടപെടലുകള്‍ നടന്നുവരുന്നു. ഇതിനുപിന്നില്‍ ബിസിനസ് മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുവെന്നു വ്യക്തമാക്കണമെന്നും ഷാനവാസ് പറഞ്ഞു. ഈ വര്‍ഷം ഇന്ത്യന്‍ ഹാജിമാര്‍ക്കു കിട്ടുമായിരുന്ന 10,000 അധിക ക്വാട്ട നമ്മുടെ ഹജ്ജ് കൈകാര്യം ചെയ്യുന്ന മന്ത്രാലയത്തിന്റെ കൃത്യവിലോപം കാരണം നഷ്ടപ്പെട്ടതായി അറിയാന്‍ സാധിച്ചു. 
ഹജ്ജ് സൌഹൃദസംഘം ഗവണ്‍മെന്റ് ചെലവില്‍ ഹജ്ജ് നിര്‍വഹിച്ചു മടങ്ങുന്ന കേവല സംഘമായിക്കൂടാ. സംഘത്തിന്റെ ദൌത്യവും ചുമതലകളും വ്യക്തമായി നിര്‍വചിക്കപ്പെടേണ്ടതുണ്ട്. സംഘം നേരത്തേയെത്തി ഇന്ത്യന്‍ ഹാജിമാരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പഠിച്ച് ഇന്ത്യന്‍ ഹജ്ജ് മിഷനു റിപോര്‍ട്ടുകളും നിര്‍ദേശങ്ങളും നല്‍കണം. 
സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് ഹജ്ജ് ക്വാട്ട അനുവദിക്കുന്നതിലും ഭീമമായ അസന്തുലിതത്വം നിലനില്‍ക്കുന്നു. ചില പ്രത്യേക ഏജന്‍സികള്‍ വഴിവിട്ടു കാര്യം നടത്തുന്നതായി കണ്ടുവരുന്നു. കുത്തകവല്‍ക്കരണത്തിന്റെ നിലയിലേക്ക് എത്തുന്ന ഇത്തരം പ്രവണത എത്രയും പെട്ടെന്നു നിയന്ത്രിക്കേണ്ടതുണ്െടന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഴുപതിനു മുകളില്‍ പ്രായമുള്ള ഹാജിമാരുടെ കൂടെയെത്തുന്ന സഹായികള്‍ 50 വയസ്സിനു താഴെ പ്രായമുള്ള ആരോഗ്യവാന്മാരാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അനുമതി നല്‍കുന്ന വ്യവസ്ഥ നിലവില്‍ വരണം. നിലവില്‍ ഈ ഇളവ് വിപുലമായി ദുരുപയോഗം ചെയ്യുന്നതിനാല്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും ഹാജിമാരും വളരെ ബുദ്ധിമുട്ടുന്നതായും ഷാനവാസ് വ്യക്തമാക്കി. 
ഹജ്ജ് കമ്മിറ്റി വോളന്റിയറെ തിരഞ്ഞെടുക്കുന്നത് പരിചയത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം. ശുപാര്‍ശകളനുസരിച്ചു കാര്യങ്ങള്‍ നടക്കരുത്. തന്റെ ശുപാര്‍ശയിലും ചിലര്‍ ഇക്കുറി എത്തിയിട്ടുണ്ട്. ഇത്തരം ഇടപെടലുകള്‍ അവസാനിപ്പിച്ചു സ്വാധീനമുക്തമായിരിക്കണം വോളന്റിയര്‍ തിരഞ്ഞെടുപ്പ്. ദൌത്യസംഘത്തിന്റെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളുമടക്കം വിശദമായ റിപോര്‍ട്ട് തിരിച്ചെത്തിയാലുടന്‍ സര്‍ക്കാരിനു സമര്‍പ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ